പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ഫോർ പ്രൊഫഷണൽ ഡെവലപ്മെന്റ് (PGCCPD)


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ബാംഗ്ലൂർ) എന്നിവയുടെ മാർഗനിർദേശത്തോടെ പ്രവർത്തിക്കുന്ന 'സെന്റർ ഫോർ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ' (CREST), SC/ST/OEC/OBC വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അഞ്ച് മാസത്തെ 'പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ഫോർ പ്രൊഫഷണൽ ഡെവലപ്‌മെന്റ്' (PGCCPD) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പൊതു വിപണിയിലെ ജോലികൾക്കും ഉന്നത പഠനത്തിനും വേണ്ടി മത്സരിക്കാൻ പ്രാപ്തരാക്കുന്ന സോഫ്റ്റ് സ്കിൽസ് നൽകുക എന്നതാണ് പിജിസിസിപിഡി കോഴ്‌സിന്റെ ലക്ഷ്യം. മുമ്പ് സെന്റർ ഓഫ് എക്സലൻസ് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് ആയിരുന്ന CREST, 2002 മുതൽ മുപ്പത്തിയൊന്ന് PGCCPD പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്, കൂടാതെ പൂർവ്വ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗം ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തമായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. അഞ്ച് മാസം ദൈർഘ്യമുള്ള ഈ കോഴ്സിൽ വ്യക്തിത്വ വികസനം (Personality Development), ആശയവിനിമയം (Communication), ഐ.ടി (IT), ക്വാണ്ടിറ്റേറ്റീവ് & അനലിറ്റിക്കൽ കഴിവുകൾ, സംരംഭകത്വ വികസനം (Entrepreneurship Development) എന്നിവയിലുള്ള പരിശീലനം ഉൾപ്പെടുന്നു.

ഈ കോഴ്‌സിലേക്കുള്ള ആകെ 40 സീറ്റുകളിൽ, 28 എണ്ണം SC വിഭാഗത്തിനും, 8 എണ്ണം ST വിഭാഗത്തിനും, 4 എണ്ണം OEC/OBC വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. ബിരുദ തലത്തിലെ മാർക്കുകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ബിരുദാനന്തര ബിരുദമോ (Masters) പ്രൊഫഷണൽ ബിരുദമോ ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്. ബിരുദ/ബിരുദാനന്തര തലത്തിൽ CGPA ഗ്രേഡുകൾ നേടിയവർ, തങ്ങൾക്ക് ലഭിച്ച യഥാർത്ഥ മാർക്ക് ശതമാനം രേഖാമൂലമുള്ള തെളിവ് സഹിതം സമർപ്പിക്കേണ്ടതാണ്. ST/OEC/OBC വിഭാഗങ്ങളിൽ നിന്ന് യോഗ്യരായ ഉദ്യോഗാർത്ഥികൾ ലഭ്യമല്ലാത്ത പക്ഷം, ആ സീറ്റുകൾ യോഗ്യരായ SC വിഭാഗം ഉദ്യോഗാർത്ഥികളെക്കൊണ്ട് നികത്തുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവുകൾക്കായി 6,000/- രൂപ നൽകുന്നതാണ്. അപേക്ഷകരുടെ പ്രായം 28 വയസ്സിൽ കവിയാൻ പാടില്ല. കോഴ്‌സിന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ താമസസൗകര്യം നൽകുന്നതാണ്. www.crest.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. വൈകി ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അന്തിമ പട്ടികയിൽ (short-list) ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിനായി ബന്ധപ്പെടുകയുള്ളൂ.